Wednesday, October 24, 2012
Tuesday, October 2, 2012
ഫ്രാന്‍സില്‍ പതിനായിരങ്ങള്‍ മാര്‍ച്ച് ചെയ്തു
ചെലവ്ചുരുക്കലിനുള്ള യൂറോപ്യന്‍ സാമ്പത്തിക കരാറിനെതിരെ ഫ്രാന്‍സില്‍ പതിനായിരങ്ങള്‍ മാര്‍ച്ച് ചെയ്തു. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കൈയില്‍ സംഘടിപ്പിച്ച റാലിയില്‍ ഇടതുകക്ഷികളും ട്രേഡ് യൂണിയനുകളും ഭരണസഖ്യത്തിലെ ഗ്രീന്‍സ് യൂറോപ് എക്കോളജി പാര്‍ട്ടിയും പങ്കെടുത്തു.
സാമ്പത്തിക കരാറിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഫ്രഞ്ച് പാര്‍ലമെന്റില്‍ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെയാണ് റാലിനടന്നത്. ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയവരാണ് റാലിയില്‍ പങ്കെടുത്തത്. 27 അംഗ യൂറോപ്യന്‍ യൂണിയനിലെ 25 രാഷ്ട്രങ്ങള്‍ ഒപ്പുവച്ചകരാര്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് അംഗീകരിച്ചത്. ബ്രിട്ടനും ചെക്ക് റിപ്പബ്ലിക്കും കരാറില്‍ ഒപ്പുവച്ചിരുന്നില്ല. കരാറില്‍ ഒപ്പുവച്ച രാഷ്ട്രങ്ങളുടെ ദേശീയ പാര്‍ലമെന്റുകള്‍ കരാറിനെ അംഗീകരിക്കേണ്ടതുണ്ട്.
യൂറോപ്പിനെയാകെ കൊടും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതിനും രണ്ടാം ലോക യുദ്ധത്തിനുമുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് മടങ്ങിപ്പോകുന്നതിനും ഇടയാക്കുന്നതാണ് യൂറോപ്യന്‍ സാമ്പത്തിക കരാറെന്ന് റാലി അംഗീകരിച്ച ഒരു പ്രമേയത്തില്‍ പറഞ്ഞു. ''ചെലവ് ചുരുക്കലിനെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിനെതിരെ ഫ്രഞ്ച് ജനതയുടെ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച ദിനമാണിതെ''ന്ന് റാലിയിലെ മുഖ്യപ്രസംഗകനായിരുന്ന ഴാന്‍ ലുക് മെലന്‍കന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഫ്രഞ്ച് പ്രസഡന്റ് തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു മുന്‍മന്ത്രികൂടിയായ മെലന്‍കന്‍.
കരാര്‍ തള്ളിക്കളയുകയെന്നത് മാത്രമാണ് പരിഹാരമെന്ന് ഗ്രീന്‍സ് യൂറോപ്പ് എക്കോളജി പാര്‍ട്ടിയുടെ നേതാവും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്ന ഇവാജോളി പറഞ്ഞു.
റാലിക്കുണ്ടായ വന്‍പ്രതികരണം ഫ്രാന്‍സിലെ രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. നിലവിലുള്ള സാമ്പത്തികസ്ഥിതിയില്‍ ജനങ്ങള്‍ക്കുള്ള അസംതൃപ്തിയും രോഷവും മുതലെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുകയാണെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണര്‍ സ്ട്രാറ്റജിക് റിലേഷന്‍സിലെ ഗവേഷകനായ എഡ്ഡി ഫൗഗിയര്‍ അഭിപ്രായപ്പെട്ടു.
വിദേശനിക്ഷേപം യുഎസ് കുറിപ്പടി തന്നെ
സാമ്പത്തിക പരിഷ്ക്കാരങ്ങള്‍, പ്രത്യേകിച്ചും ചില്ലറ വില്‍പ്പനമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം അമേരിക്കന്‍ നിര്‍ദേശപ്രകാരമല്ലെന്ന പ്രധാനമന്ത്രിയുടെ വാദം കള്ളം. മറ്റുരാജ്യങ്ങളുടെ ശാസനയനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമല്ല ഇന്ത്യയെന്നും അമേരിക്കയ്ക്ക് ഈ തീരുമാനത്തിലെന്താണ് കാര്യമെന്നുമുള്ള മന്‍മോഹന്‍സിങ്ങിന്റെ വാദത്തെ ഖണ്ഡിക്കുന്നതാണ് യഥാര്‍ഥ കണക്കുകള്‍. അമേരിക്ക കുനിയാന്‍ പറയുമ്പോള്‍ പ്രധാനമന്ത്രി മുട്ടിട്ടിഴയുകയാണെന്ന് വ്യക്തം.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂലൈ 15ന് വ്യാപാരസമൂഹത്തെ അഭിസംബോധന ചെയ്യവേ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയുമായ ബറാക് ഒബാമ പറഞ്ഞതിങ്ങനെ: ""ചില്ലറവില്‍പ്പന ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇന്ത്യ പ്രത്യക്ഷ വിദേശനിക്ഷേപം നിരോധിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ഏഷ്യന്‍ രാജ്യത്ത് നിക്ഷേപാന്തരീക്ഷം തകരുകയാണ്. ഇന്ത്യ പരിഷ്ക്കാരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കണം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് സാമ്പത്തികഭാവി എങ്ങനെ രൂപീകരിക്കണം എന്നുപറയേണ്ടത് അമേരിക്കന്‍ രീതിയല്ല. അക്കാര്യം നിശ്ചയിക്കേണ്ടത് ഇന്ത്യയാണ്. എന്നാല്‍, ഇന്ത്യയില്‍ വളര്‍ന്നുവരുന്ന സമവായം മറ്റൊരു സാമ്പത്തികപരിഷ്ക്കരണ തരംഗത്തിന് അനുകൂലമാണ്. മന്‍മോഹന്‍സിങ് സുഹൃത്തും പങ്കാളിയുമാണ്. അദ്ദേഹവുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്"".
സര്‍ക്കാരിനെ അസ്ഥിരമാക്കുമെന്നറിഞ്ഞിട്ടും ഒബാമ മുന്നോട്ടുവച്ച കാര്യങ്ങള്‍ ഓരോന്നായി നടപ്പാക്കുകയായിയിരുന്നു മന്‍മോഹന്‍. നിക്ഷേപാന്തരീക്ഷം തകരുകയാണെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നികുതിവെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ മുന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി കൊണ്ടുവന്ന "ഗാര്‍ചട്ടങ്ങള്‍" പുനഃപരിശോധിക്കാന്‍ പുരുഷോത്തം ഷോം സമിതിക്ക് രൂപം നല്‍കിയത്. രണ്ടാഴ്ചക്കകം തന്നെ ഷോം സമിതി കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഗാര്‍ചട്ടങ്ങള്‍ മൂന്നുവര്‍ഷത്തേക്ക് നടപ്പാക്കരുതെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. മൗറീഷ്യസ് പാതയിലൂടെയും മറ്റും ഇന്ത്യയിലെത്തി വന്‍ നികുതിവെട്ടിപ്പ് നടത്തി കോടികള്‍ കൊയ്യുന്ന വിദേശനിക്ഷേപകര്‍ക്ക് ഇതോടെ ആശ്വാസമായി. ഷോം സമിതിയുടെ അന്തിമറിപ്പോര്‍ട്ട് തിങ്കളാഴ്ച ധനമന്ത്രി പി ചിദംബരത്തിന് സമര്‍പ്പിക്കും. ഒബാമ ആവശ്യപ്പെട്ടപോലെ ആഗസ്ത് 14ന് ചില്ലറവില്‍പ്പനമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. മറ്റുമേഖലകളില്‍ വിദേശനിക്ഷേപം നിരോധിക്കുന്നുവെന്ന പരാതി ഒഴിവാക്കാന്‍ വ്യോമമേഖലയില്‍ 49 ശതമാനവും പ്രക്ഷേപണരംഗത്ത് 74 ശതമാനവും വിദേശനിക്ഷേപം അനുവദിച്ചു. വൈദ്യുതി കൈമാറ്റ മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപവും അനുവദിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളായ നാല്‍കോ, ഓയില്‍ ഇന്ത്യ, എന്‍എംഡിസി, ഹിന്ദുസ്ഥാന്‍ കോപ്പര്‍ എന്നീ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും തീരുമാനിച്ചു.
സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന് കെട്ടഴിക്കുമെന്ന് രണ്ടാഴ്ചക്കകം മൂന്നുതവണ പ്രധാനമന്ത്രി ആവര്‍ത്തിച്ചുപറഞ്ഞു. സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന വിജയ്കേല്‍ക്കര്‍ സമിതി റിപ്പോര്‍ട്ടും സെപ്തംബര്‍ 28ന് പുറത്തിറ ക്കി. പ്രധാനമന്ത്രി നിശബ്ദ ദുരന്തനായകനെന്നും (വാഷിങ്ടണ്‍ പോസ്റ്റ്) പരാജിതനെന്നും (ടൈം) വിശേഷിപ്പിച്ച പാശ്ചാത്യമാസികകള്‍ ഇതോടെ സ്വരം മാറ്റി. മന്‍മോഹന്‍സിങ് ശക്തി വീണ്ടെടുത്തെന്നാണ് പിന്നീട് "ഇക്കോണമിസ്റ്റ്" വാരിക വാഴ്ത്തിയത്. രണ്ട് പതിറ്റാണ്ടിനിടയില്‍ കൈക്കൊണ്ട ധീരമായ നടപടിയെന്ന് "വാഷിങ്ടണ്‍ പോസ്റ്റും" "ന്യൂയോര്‍ക്ക് ടൈംസും" ഒരുപോലെ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ നടപടി ആരെസന്തോഷിപ്പിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഈ സ്തുതി ഗീതങ്ങള്‍.
(വി ബി പരമേശ്വരന്‍)
പരിഷ്കരണ നടപടികള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സാമ്പത്തിക പരിഷ്കരണ നടപടികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം, ഡീസല്‍വില വര്‍ധന എന്നിവ പിന്‍വലിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതിഭവനിലെത്തിയതായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിന് ഗുണകരമെന്നു തോന്നുന്നവയാണ് ചെയ്യുന്നത്. അത് തുടരും. എന്നാല്‍, എഫ്ഡിഐപോലുള്ള കാര്യങ്ങളില്‍ യുപിഎ സഖ്യകക്ഷികളുമായി ചര്‍ച്ചചെയ്യാന്‍ തയ്യാറാണ്. യുപിഎ സഖ്യകക്ഷികള്‍പോലും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലേ എന്നു ചോദിച്ചപ്പോള്‍, തെരഞ്ഞെടുപ്പ് വളരെ ദൂരെയാണെന്നായിരുന്നു മറുപടി.ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം അമേരിക്കയെ പ്രീണിപ്പിക്കാനാണെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ആക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇതുകൊണ്ട് അമേരിക്കയ്ക്ക് എന്താണ് പ്രയോജനമെന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. മറ്റുള്ളവരുടെ തിട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമല്ല ഇന്ത്യ. പ്രകൃതിവിഭവങ്ങള്‍ വിതരണംചെയ്യുന്നതു സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Subscribe to:
Posts (Atom)
വെനസ്വേലൻ പരമാധികാരത്തിന് മേലുള്ള അമേരിക്കൻ കൈയ്യേറ്റം: സാമ്രാജ്യത്വത്തിന്റെ നഗ്നമായ ഗുണ്ടായിസം
ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവനെ തടങ്കലിലാക്കിയ അമേരിക്കൻ നടപടി അന്താരാഷ...
-
ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവനെ തടങ്കലിലാക്കിയ അമേരിക്കൻ നടപടി അന്താരാഷ...
-
ടി.എസ്. കാര്ത്തികേയന് അടിച്ചമര്‍ത്തലുകള്‍ക്കും അനീതികള്‍ക്കുമെതിരെയുള്ള ചെറുത്തുനില്പുകള്ക്ക് അന്നും ഇന്നും ഒരുപോലെ ഊര്‍ജം പകരുന്ന സ്രോത...
-
അമ്പത് വർഷം മുമ്പ്, 1975 ഏപ്രിൽ 30-ന്, ലോകം ഒരു ചരിത്രപരമായ നിമിഷത്തിന് സാക്ഷ്യം വഹിച്ചു. സൈഗോണിന്റെ പതനം അമേരിക്കൻ സാമ്രാജ്യത്വ...




